Archive for 2011

വ്യത്യസ്തമായ ഒരു അബദ്ധം

അബദ്ധങ്ങള് പറ്റാത്തവരായിട്ട് ഭൂമിലോകത്ത് ആരും ഉണ്ടാവുകയില്ല.  അധികമാളുകളും തങ്ങള്ക്ക് പറ്റിയ അബദ്ധത്തെ മൂടിവെക്കാറാണ് പതിവ്.  ഇന്ന് ബ്ലോഗുകളിലൂടെയും സോഷ്യല് നെറ്റ് വര്ക്ക് സൈറ്റുകളിലൂടെയും ചില ആളുകള് തങ്ങളുടെ അബദ്ധങ്ങള് പങ്കുവെക്കാറുണ്ട്. ഇവിടെ എനിക്കു പറ്റിയ "വ്യത്യസ്തമായ ഒരു അബദ്ധം" നിങ്ങളുമായി പങ്കുവെക്കുന്നു.  സാമാന്യം നിലവാരമുള്ള അബദ്ധം എന്നാണ് എന്റെ വിശ്വാസം.

-----------------------

വര്ഷം 2009. പ്രവാസിയായി എത്തിയിട്ട് എന്റെ രണ്ടാമത്തെ വെക്കേഷന്. വയസ്സ് 29ല് എത്തി. മംഗല്യം അതുവരെ ആയിട്ടില്ല. ആദ്യ വെക്കേഷനില് കാര്യമായിട്ട് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ ശ്രമങ്ങളിലെ പോരായ്മകള് മനസ്സിലാക്കി കൂടുതല് ആത്മവിശ്വാസത്തോടെ ഒരുങ്ങിയുള്ള യാത്ര.

പര്ച്ചൈസിംഗ് എല്ലാം കഴിഞ്ഞ് പെട്ടിയും കെട്ടി ഇരിക്കുന്പോഴാണ് ഒരു ഫോണ് കോള്. ദുബൈയിലെ ഹെഡ്ഓഫിസില്നിന്ന് പിആര്ഓ ആണ് വിളിക്കുന്നത്. എന്റെ പാസ്പോര്ട്ട് സമയത്തിനു മുന്പ് അബുദാബിയില് നില്ക്കുന്ന എന്റെ അടുത്ത് എത്തിക്കാന് സാധിക്കില്ല. അതുകൊണ്ട് ടിക്കറ്റ് അടുത്ത ദിവസത്തേക്ക് നീട്ടിവെക്കാനുള്ള ഉത്തരവ്. കന്പനിയുടെ എച്ച് ആര് മാനേജര് സ്ഥലത്തില്ല. പാസ്പോര്ട്ട് ലോക്കറില് വെച്ച് പൂട്ടിയിരിക്കുകയാണ്. മാനേജറുടെ വിരലടയാളം ഉണ്ടെങ്കിലേ അതു തുറക്കാന് പറ്റൂ. ദേഷ്യവും സങ്കടവും നിരാശയും ഒരുമിച്ചുവന്ന അവസ്ഥ. കാറ്റുപോയ ബലൂണ് പോലെയായി എന്ന് പറഞ്ഞാല്മതി, അങ്ങിനെയായിരുന്നു അവസ്ഥ.

അല്ലെങ്കിലും എന്റെ കാര്യത്തില് ഹെഡ്ഓഫിസില്നിന്ന് ഇങ്ങിനെയൊക്കെതന്നെ ഉണ്ടാകൂ എന്ന് അനുഭവമുള്ള കാര്യമാണ്. ആദ്യത്തെ വെക്കേഷനും ഇതുപോലെ ഒരുങ്ങിയിരുന്നപ്പോഴാണ് എന്റെ അതേ പേരുള്ള കന്പനിയിലെ വേറെ ഒരാളുടെ പോസ്പോര്ട്ട് എനിക്കു അയച്ചുതരുന്നത്. അന്നു കുറച്ചു നേരത്തെ തന്നെ സംഗതി അറിഞ്ഞതുകൊണ്ട് ഉടനെ ദുബായില് പോയി പാസ്പോര്ട്ട് കൈയ്യോടെ വാങ്ങി പോന്നു. അതിനും മുന്പ് ഒരിക്കില് മെഡിക്കല് ഇന്ഷൂറന്സ് കാര്ഡിന്റെ കാര്യത്തിലും ഇതുപോലെ സംഭവിച്ചു. എനിക്കു കിട്ടിയ കാര്ഡില് ഫോട്ടോ മാത്രമേ എന്റേതായിട്ടുള്ളൂ. ബാക്കിയെല്ലാം എന്റെ അപരന്റെ വിവരങ്ങള്. ഒരിക്കല് ആ കാര്ഡുമായി ആശുപത്രിയില് ചെന്നു. രെജിസ്ട്രേഷന് കൌണ്ടറില് ഇരിക്കുന്ന ചേച്ചി എന്റെ കാര്ഡ് വാങ്ങി വിവരങ്ങളെല്ലാം കംപ്യൂട്ടിറില് പകര്ത്തുകയാണ്. അപ്പോഴാണ് വയസ് എത്ര എന്ന ചോദ്യം. വയസോ.... എന്റെ യഥാര്ത്ഥ വയസ് പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കാര്ഡില് അപരന്റെ ജനനതീയതിയുണ്ടല്ലോ. ഞാനത് ഓര്ത്തുവെച്ചില്ലായിരുന്നു. കുഴഞ്ഞല്ലോ. ഞാന് എന്റെ അപരനെ മനസ്സില് കണ്ട് പ്രവചിച്ചു. 27 വയസ്സ്. വയസ്സ് ശരിയോ തെറ്റോ എന്നൊന്നും അവര് നോക്കിയില്ല. ഇത്രയൊക്കെ കെടുകാര്യസ്ഥത എന്റെ കാര്യത്തില് കംന്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അങ്ങിനെ കുറേ തോല് വികള് ഏറ്റുവാങ്ങി ഞാന് ഒരു വര്ഷത്തിനുശേഷം ഈ കന്പനി വിടുകയായിരുന്നു. പണ്ട് നമ്മുടെ കിട്ടുണ്ണിയേട്ടന് ജഡ്ജി ഏമാനെ മത്തങ്ങത്തലയാ... എന്നു വിളിച്ച പോലെ ഞാനും (മനസ്സില്) വിളിച്ചു ജിഎമ്മിനെ, കുന്പളങ്ങാമോറാ.... ഉസുറുണ്ടെങ്കീ.... ഇബ്ട ബാടാ.....

ടിക്കറ്റ് പിറ്റേ ദിവസത്തേക്ക് നീട്ടി. പോസ്പോര്ട്ട് നേരത്തെ തന്നെ കയ്യില്കിട്ടുകയും ചെയ്തു. രാത്രി 11.30(???)നാണ് ഫ്ലൈറ്റ്. ഉച്ചക്ക് രണ്ടു മണിക്കു തന്നെ ലഗ്വേജ് അബുദാബിയിലുള്ള സിറ്റി ടെര്മിനലില് കൊടുത്തു ബോഡിംഗ് പാസും വാങ്ങി. ഹാവൂ.... എല്ലാം കഴിഞ്ഞു. ഇനി ഒരു മണിക്കൂര് മാത്രം(???) നേരത്തെ എയര്പോര്ട്ടില് എത്തിയാല് മതി. ക്യൂനിന്നു മുഷിയേണ്ട. നേരെ എമിഗ്രേഷനിലേക്ക് കൈയും വീശി കയറാം. മൊത്തത്തില് ഒരു ആത്മവിശ്വാസം(??!!)..

അങ്ങനെ രാത്രി 9.45ന് എയര്പോര്ട്ടിലേക്ക് യാത്ര തിരിച്ചു. സുഹൃത്തുക്കള് ആസാദ്, ജയന് എന്നിവരോടൊപ്പം. അര മണിക്കൂര് മതി എയര്പോര്ട്ടില് എത്താന്. വല്ലതും കഴിക്കാം എന്നു കരുതി വഴിയില് ഒരു പെട്രോള് പന്പിലെ ഷോപ്പില് കയറി. അപ്പോഴാണ് എന്റെ മൊബൈല് ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത നന്പര്. സുഹൃത്തുക്കള് ആരെങ്കിലും യാത്രാശംസകള് നല്കാന് വിളിച്ചതായിരിക്കുമെന്ന് കരുതി ഫോണ് എടുത്തു. Mr. Haneefa, this is from Etihad Airways. Where are you now? You did not reach in check-in counter yet. The Flight will take off within minutes. Please come fast. Please.,, എന്ത് ഞാന് എത്താതെ ഫ്ലൈറ്റ് പുറപ്പെടുകയോ… കുറച്ചല്പം ദേഷ്യത്തോടെ തന്നെ ഞാന് പ്രതികരിച്ചു. I am on the way to the Airport. Why you make hurry. The Flight will take off after One hour. അപ്പോള് മറുപടി: Sorry Mr. Haneefa. We don’t have time to argue with you. Please come fast. Immediately.. ഫോണ് കട്ട് ആയി.  അവിടെനിന്നും ഇറങ്ങി എയര്പോര്ട്ടിലേക്ക് കത്തിച്ചുവിട്ടു. വീണ്ടും ഫോണ് വന്നു. പറഞ്ഞ കാര്യങ്ങള് തന്നെ വീണ്ടും പറഞ്ഞു. പക്ഷെ ഹിന്ദിയിലാണെന്ന് മാത്രം. കാര് കുതിക്കുകയായിരുന്നു, വാഹനത്തിന്റെ വേഗം നോക്കുന്ന ക്യാമറക്കുപോലും ഞങ്ങളെ പിടിക്കാന് കഴിഞ്ഞില്ല, അത്രയും വേഗത്തില്. എയര്പോര്ട്ടിലെത്തിയപ്പോള് വീണ്ടും ഫോണ് വിളി വന്നു. ഇപ്രാവശ്യം വളരെ സാവധാനത്തിലാണ് പറയുന്നത്. നിങ്ങളുടെ ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തിരിക്കുന്നു. നിങ്ങള് സമയത്ത് എത്താത്തതിനാലാണ് ഫ്ലൈറ്റ് മിസ് ആയത്. ലഗ്വേജ് അറൈവല് ഭാഗത്തുപോയി കളക്റ്റുചെയ്യുക. ദയവ് ചെയ്ത് എമിഗ്രേഷനിലേക്ക് പോവരുത്. എന്റെ ദേഷ്യവും സങ്കടവും ഇരട്ടിയായി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴേക്കും അങ്ങേതലക്കല് ഫോണ് കട്ട് ആയി.



എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്പോഴാണ് അടുത്ത ഫോണ് കാള്. ഇപ്രാവശ്യം ഒരു മലയാളിയാണ് സംസാരിക്കുന്നത്. സംസാരം കേട്ടാല് തന്നെ അറിയാം തിരുവനന്തപുരക്കാരനാണെന്ന്. കുറച്ച് ദേഷ്യത്തേോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. ദയവ് ചെയ്ത് എമിഗ്രേഷനില് കയറരുതെന്നും അവിടെ കയറിയാല് മൂന്നര മണിക്കൂര് അവിടെ ഇരിക്കേണ്ടിവരുമെന്നും ലഗ്വേജ് അറൈവലില് പോയി കളക്ട് ചെയ്ത് തിരിച്ചു വീട്ടില് പോകാനുമായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ. ഞാന് എന്റെ എല്ലാം ശക്തിയുമുപയോഗിച്ച് തിരിച്ചടിച്ചു. ടിക്കറ്റെടുത്ത് സമയത്ത് എയര്പോര്ട്ടിലെത്തിയിട്ട് ഫ്ലൈറ്റ് പോയെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്... ബോഡിംഗ് പാസ് വരെ എനിക്കു കിട്ടിയിട്ടുണ്ട്. ലഗ്വേജ് സിറ്റിടെര്മിനലില് കൊടുത്തു ഫ്ലൈറ്റ് പുറപ്പെടുന്നതിന്റെ ഒരു മണിക്കൂര് മാത്രം മുന്പെ എത്തിയാല് മതിയെന്നു പറഞ്ഞിട്ട് ആളെ പറ്റിക്കുകയാണോ എന്നും ഞാന് കുറച്ചു ശബ്ദത്തോടെയും സങ്കടത്തോടെയും പറഞ്ഞു. താങ്കള് പത്തരക്ക് എയര്പോര്ട്ടില് റിപ്പോര്ട്ട് ചെയ്തിട്ടില്ല, ഫ്ലൈറ്റ് അതിന്റെ സമയത്തു തന്നെ പുറപ്പെടും, ആര്ക്കുവേണ്ടിയും കാത്തുനില്ക്കില്ല. നിങ്ങള് കയ്യിലുള്ള ടിക്കറ്റു നോക്കൂ. സമയം അതില് കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാന് (ആദ്യമായി) ടിക്കറ്റില് കൊടുത്തിരിക്കുന്ന സമയം നോക്കുന്നത്. ഫ്ലൈറ്റ് പുറപ്പെടുന്ന സമയം 22.30, അതായത് രാത്രി പത്തര. കണ്ണ് ഒന്നുകൂടി ഉരുട്ടി നോക്കി. അതെ 22.30PM. അമിളി മനസ്സിലായി. എങ്കിലും ഞാന് സംശയം തീര്ക്കാന് വേണ്ടി മാത്രം ചോദിച്ചു... 22.30 എന്നാല് പതിനൊന്നര അല്ലേ......

മറുപടി കുറച്ച് ദേഷ്യത്തോടെ ആണെന്ന് മനസ്സിലാക്കിയ ഞാന് ഫോണ് എന്റെ അടുത്തുണ്ടായിരുന്ന സുഹൃത്ത് ആസാദിന് കൈമാറി. അദ്ദേഹം എന്നോടു പറയാനുള്ളതു മുഴുവന് സുഹൃത്തിനോടു പറഞ്ഞു. കുറച്ചു തിരുവനന്തപുരം മസാലയും ചേര്ത്തിട്ടുണ്ടെന്ന് അവന്റെ മുഖത്തുനിന്നു എനിക്കു മനസ്സിലായി. അതായത് എനിക്കു കിട്ടാനുള്ള തെറി മുഴുവന് പാവം ഒന്നും അറിയാത്ത എന്റെ സുഹൃത്ത് കേട്ടു.

ഇവിടെ സംഭവിച്ചിരിക്കുന്ന അബദ്ധം.. ഒരു വര്ഷം മുന്പ് ഞാന് വെക്കേഷനു പോയിരുന്നത് ഇതേ ഫ്ലൈറ്റിനായിരുന്നു. അന്നു സമയം 23.30, അതായത് രാത്രി പതിനൊന്നര. എന്നാല് സംഭവം നടന്ന വര്ഷം ഫ്ലൈറ്റിന്റെ സമയം ഒരു മണിക്കൂര് നേരത്തെ ആക്കിയിരിക്കുന്നു. ഞാന് തന്നെയാണ് ഓണ് ലൈനില് ടിക്കറ്റെടുത്തത്. 22.30 ആയിരുന്നു സമയം (രാത്രി പത്തര മണി) കൊടുത്തിരിക്കുന്നത്. ഞാന് അതു ശ്രദ്ധിക്കാതെ മുന്പത്തെ വര്ഷത്തെ സമയമായിരിക്കുമെന്ന് കരുതി. അതു മാത്രമല്ല, ഒരു പ്രാവശ്യം ഞാന് തന്നെയാണ് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. അപ്പോഴും ടിക്കറ്റിലെ സമയം നോക്കിയില്ല. പിന്നിട് എയര്പോര്ട്ടിലേക്ക് വന്ന ദിവസം ഉച്ചക്ക് ലഗ്വേജ് സിറ്റി ടെര്മിനലില് കൊടുത്തപ്പോള് അവിടുത്തെ കൌണ്ടറിലുള്ള ഫിലിപിനോ സുന്ദരി പറഞ്ഞത് My priend, you have to reach the airport before one hour of take-off the flight. ഞാന് ഡബിള് ഓ.കെ. എന്നു പറഞ്ഞു തിരിച്ചുപോരുകയല്ലാതെ ഏതു സമയം എന്നു ചോദിച്ചില്ല. ലവളും ഏതു സമയമെന്ന് പറഞ്ഞില്ല. അതിനുംപുറമെ ടിക്കറ്റ് രണ്ടാമെതൊരാള്ക്ക് കാണിച്ചു കൊടുക്കാതെ ഞാനത് സൂക്ഷിച്ചുവെച്ചു.


നോക്കണേ അബദ്ധങ്ങളുടെ പെരുമഴ... അബദ്ധങ്ങള് എന്റെ പിന്നാലെയായിരുന്നില്ല.... അബദ്ധങ്ങളുടെ പിന്നാലെ ഞാന് പരക്കംപായുകയായിരുന്നു...

എന്തായാലും എയര്പോര്ട്ടില് വെച്ചുതന്നെ ഞാന് ടിക്കറ്റ് ഒരികല്കൂടി എക്സ്റ്റന്റു ചെയ്ത് തിരിച്ചു പോന്നു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞിട്ടായിരുന്നു ഫ്ലൈറ്റുണ്ടായിരുന്നത്. അവിടെവെച്ചു തന്നെ ടിക്കറ്റും പാസ്പോര്ട്ടും ഞാന് സുഹൃത്ത് ആസാദിന് കൈമാറി. അടുത്ത യാത്രയുടെ എല്ലാവിധ ഉത്തരവാദിത്തങ്ങളും അവന്റെ തലയില് വെച്ചുകെട്ടി ഞാന് അബദ്ധങ്ങളില്നിന്ന് പൂര്ണ്ണ സ്വതന്ത്രനായി.... (പുള്ളിക്കരന് മുന്പ് പാസ്പോര്ട്ടില്ലാതെ -വീട്ടില് മറന്നുവെച്ച്- എയര്പോര്ട്ടില് എത്തിയ ആളാണെന്ന് ഞാന് പിന്നെയാണ് അറിയുന്നത്.)

പിന്നീട് ഇതും ആലോചിച്ച് ഞാന് ചിരിക്കുകയായിരുന്നു.... കാരണം ആര്ക്കും പറ്റാത്ത ഒരു വ്യത്യസ്തമായ അബദ്ധം.

.................................

ചില "ഈന്ത്" ചിന്തകള്.....


ഈന്ത്. മലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമില്ലാത്ത ഒരു മരം. മറ്റെനേകം മരങ്ങളുടെ കാര്യം പോലെത്തന്നെ ഇതിന്റെ വിത്തുവിതരണം ഏറ്റെടുത്തിരുന്നത് വവ്വാലുകളായിരുന്നു. ഈന്തിന് കായയുടെ പുറംഭാഗം മാത്രം കഴിച്ച് ഇവ ബാക്കി ഒഴിവാക്കുന്നു. അതുവഴി വിത്ത് പലസ്ഥലങ്ങളിലായി വിതരണം ചെയ്യപ്പെടുന്നു. അഞ്ചു മുതല് എട്ടുവരെ മീറ്റര് ഉയരം വരെ വളരുന്ന അനാവൃതബീജ സസ്യമാണ് ഈന്ത്.  പറന്പുകളുടെ അതിര്ത്തിയിലും വരന്പുകളിലുമാണ് സാധാരണ ഈ മരം കാണാറുള്ളത്. അതിര്ത്തികളെല്ലാം കരിങ്കല്ലും മറ്റുമുപയോഗിച്ച് കെട്ടുകവഴി ഈ മരവും ഒരു അപൂര്വ്വമായി മാത്രം കാണുന്ന ഒന്നായി. അതിനുംപുറമെ ഈന്ത് മരം വെട്ടി കറ എടുത്തു വില്ക്കുകയും ചെയ്യുന്നു.

Cycas circinalis Linn എന്ന ശാസ്ത്ര നാമമുള്ള ഈ മരത്തിന് ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്. കാലം ഭൂമിക്കും അതിലെ വിഭവങ്ങള്ക്കും മാറ്റങ്ങള് (പരിണാമം) വരുത്തിയെങ്കിലും ഒരു മാറ്റത്തിനും വഴങ്ങാതെ നിലനിന്ന ചില അപൂര്വ്വ വര്ഗ്ഗങ്ങളില്പെട്ട ഒന്നാണ് ഈന്ത്. അതുകൊണ്ടായിരിക്കാം ഇവയുടെ കായക്കും ഇലക്കും ഔഷധഗുണങ്ങളുള്ളതായി എഴുതപ്പെട്ടത്. ഏതാണ്ട് നൂറുവര്ഷത്തോളം ആയൂര്ദൈര്ഘ്യം കണക്കാക്കുന്നു ഇവക്ക്. രോഗപ്രതിരോധശേഷി കൂട്ടാന് ഇന്ത് നല്ല ഒരു ഔഷധമാണെന്നാണ് ആയൂര് വേദ വാദം. കൂടാതെ വാതം, പിത്തം, നീരുവീക്കം തുടങ്ങിയ രോഗപീഡകള്ക്ക് ഈന്ത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഈന്ത് ലേഹ്യവും ആയൂര് വേദത്തില് ലഭ്യമാണ്.


മലബാറില് ഈന്തിന് കായ കൊണ്ട് ഈന്തിന്പുടി എന്ന ഒരു പ്രത്യേകതരം വിഭവം ഉണ്ടാക്കാറുണ്ട്. പഴുത്ത ഈന്തിന് കായ നടുകെ ഛേദിച്ച് വെയിലത്ത് വെച്ച് ഉണക്കുന്നു. നന്നായി ഉണങ്ങിയാല് ഉരലില് ഇട്ട് ഇടിച്ച്പൊടിക്കുന്നു. പത്തിരിക്കും ചപ്പാത്തിക്കും മാവു കുഴക്കുന്നതുപോലെ കുഴച്ച് ഒരു വിരലിന്റെ പകുതി നീളത്തില് ഉരുട്ടിയെടുത്ത് വിരലുകൊണ്ട് അമര്ത്തിയെടുക്കുന്നു. ഇങ്ങിനെ ഉണ്ടാക്കുന്ന പുടികള് പകുതി വേവ് ആയ ഇറച്ചിയില് ഇട്ട് വേവിച്ച് എടുക്കുന്നു. ഇതാണ് ഈന്തിന് പുടി. തെക്കന് കേരളത്തില് ഈന്തന് കായ ഉണക്കിപ്പൊടിച്ച് ഈന്തുപുട്ടും മറ്റു വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.


മുന്പ് കല്യാണപന്തലുകള് അലങ്കരിച്ചിരുന്നത് ഈന്തിന് പട്ട ഉപയോഗിച്ചായിരുന്നു. ഈന്തിന് പട്ട ഉപയോഗിച്ചുള്ള കമാനങ്ങളില്ലാത്ത ഒരു കല്യാണപ്പന്തലും കാണാറാറില്ലായിരുന്നു. ഈന്തിന് പട്ടകള് ഉപയോഗിച്ച് കുട്ടികള് കളിവീടുണ്ടാക്കാറുണ്ടായിരുന്നു. വേനലവധിക്ക് കുട്ടിപ്പീടികകളും ഈന്തിന്പട്ടകള് ഉപയോഗിച്ച് ഉണ്ടാക്കാറുണ്ടായിരുന്നു. ഈന്തിന്റെ തടി ഉപയോഗിച്ച് ഈന്ത് വണ്ടി ഉണ്ടാക്കുമായിരുന്നു. തടി ഉപയോഗിച്ച് ചക്രം ഉണ്ടാക്കും. തടി നാല്-അഞ്ച് ഇഞ്ച് കനത്തില് വെട്ടിയെടുത്ത് ഉള്ളിലെ ചോറ് കളഞ്ഞാണ് ചക്രം ഉണ്ടാക്കുക. ഇങ്ങനെ നാലു ചക്രങ്ങളും മരപ്പലകകളും മറ്റുമുപയോഗിച്ച് അത് ഒരു വണ്ടിയാക്കി മാറ്റും. കയര് കെട്ടായണ് വലിക്കുന്നത്. ഒരു വണ്ടിയില് നാലും അഞ്ചും കുട്ടികള് വരെ കയറി ഇരിക്കും. എത്ര കുട്ടികള് കയറിയാലും ടയര് പഞ്ചാറാകുമെന്ന ഭയം ഉണ്ടാവുകയില്ല. ഈന്തിന് കായയുടെ ഉള്ളലുള്ള കാന്പ് കളഞ്ഞ് നൂലും ആണിയുമുപയോഗിച്ച് കറക്കുന്ന ഒരു വിദ്യയും മുന്പ് കുട്ടികളുടെ ഇടയില് പ്രചാരത്തിലുണ്ടായിരുന്നു.

ഇങ്ങിനെ ഈന്ത് എന്ന മരംകൊണ്ടുള്ള ഉപയോഗം പലവിധമാണ്. എന്റെ അനുഭവത്തിലെയും ഓര്മ്മകളിലെയും ഈന്തിനെയാണ് ഞാനിവിടെ സ്മരിച്ചത്. മറ്റുള്ള നാടുകളില് മറ്റു പലരീതികളിലുമണ് ഈ മരത്തെ ഉപയോഗിച്ചിരുന്നതെന്നാണ് മനസ്സിലാക്കാന് കഴിഞ്ഞത്.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയില് മനുഷ്യന് ഭൂമിയെ കൈക്കുള്ളിലാക്കിയപ്പോള് വംശം അറ്റുപോകുന്ന വിഭവങ്ങളുടെ നിരയിലേക്ക് ഈന്തും നീങ്ങുകയാണ്. പരിണാമത്തെ അതിജീവിച്ച ഔഷധഗുണം മാത്രമുള്ള ഒരു ഒറ്റത്തടിവൃക്ഷത്തെ ഇന്ന് കാണ്മാനില്ല. പുതിയ തലമുറക്ക് ഈന്തിന്റെ നാനാതലത്തിലുള്ള ഉപകാര-ഉപയോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലാതാക്കി മനുഷ്ന് മുന്നേറുകയാണ്. ഇന്തിന് കായ പോലുള്ള ഔഷധ ഗുണങ്ങളുള്ള പ്രകൃതി വിഭവങ്ങള്ക്ക് പകരം മായവും കളറും ചേര്ത്ത പാക്കറ്റ് ഭക്ഷണ പദാര്ത്ഥങ്ങളും ഫാസ്റ്റ് ഫുഡും ആണ് ഇന്നത്തെ തലമുറയുടെ ഇഷ്ട ആഹാരം. ഇന്തിന് പട്ടകള്കൊണ്ടുണ്ടാക്കിയ കളിവീടുകളും പന്തലുകളും നാടന്  കളിസാധനങ്ങള്ക്കും പകരം പ്ലാസ്റ്റിക്കുകള് പോലെയുള്ള മാരകവിശാംഷം അടങ്ങിയ കളിപ്പാട്ടങ്ങളും കംപ്യൂട്ടറും മൊബൈലുമാണ് കുട്ടിള്ക്ക് ഇന്ന് നാം ലഭ്യമാക്കികൊണ്ടിരിക്കുന്നത്.  

ഇവിടെ സമര്പ്പിക്കുന്നു ഞാനെന്റെ ഈന്ത് സ്മരണകള്.

അനുഭവം.... വീടിനു തീയിട്ടു....

വര്ഷം 1984. ഒരു വേനലിലെ സന്ധ്യസമയം. മാസവും ദിവസവും ഓര്ക്കാന് കഴിയുന്നില്ല. കാരണം. അന്ന് എനിക്ക് 4 വയസ്സ് മാത്രമേ ഉള്ളൂ. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്നൊക്കെ പറയാവുന്ന കാലം. (എനിക്ക് തീരെ തിരിയാത്താ പ്രായം എന്നാണെന്ന് ഇതു വായിച്ചു കഴിയുന്പോള് നിങ്ങള്ക്ക് മനസ്സിലാവും)


പുറത്തെവിടെയോ കളിച്ചുകൊണ്ടിരിക്കുന്ന എന്നെ വിളിച്ച് ഉമ്മ ചീറുന്നുണ്ടായിരുന്നു. മേല് കഴുകി അകത്തു കയറാന്. ആക്രോശം സഹികെട്ടപ്പോള് ഞാന് മേല് കഴുകാന് തന്നെ തീരുമാനിച്ചു. ഇരുട്ടി തുടങ്ങിയിരിക്കുന്നു. വൈദ്യുതിയില്ലാത്ത കാലം. അടുക്കളയില് പോയി മണ്ണെണ്ണ വിളക്കു കത്തിച്ചുപിടിച്ച് അകത്തെവിടെയോ കിടക്കുന്ന ചെരുപ്പ് തെരഞ്ഞു ഓരോ റൂമിലെയും മുക്കും മൂലയും കട്ടിലിനു താഴെയും ഒക്കെ പരതുകയാണ്. അങ്ങിനെ തെരഞ്ഞു ഞാന് നടുവിലെമുറി (കുണ്ടുംമുറി-പത്തായം ഇട്ട, ഇരുട്ടുള്ള ഒരു മുറി, വീടിന്റെ ഒത്ത നടുവിലായിരുന്നു ആ മുറി) യില് ഞാന് എത്തുന്നത്. പത്തായത്തിനു താഴെയും തെരഞ്ഞു. പക്ഷെ, എന്റെ ചെരുപ്പ് മാത്രം കണ്ടില്ല.

അവിടെനിന്നും വിളക്കുമായി തിരിക്കുന്ന നേരത്താണ് ഞാനത് കണ്ടത്. അനിയത്തിയെ ആട്ടിയുറക്കാനായി ഉമ്മ കെട്ടിയ ഒരു തൊട്ടില്. നൂലുകള് താഴേക്ക് തൂങ്ങിനില്ക്കുന്നുണ്ടായിരുന്നു ആ കട്ടിയില്ലാത്ത തൊട്ടില് തുണിക്ക്. മുന്നോട്ടു നീങ്ങിയ ഞാന് പെട്ടെന്ന് തന്നെ പിറകോട്ട് വന്നു. തൊട്ടില് തുണിയിലെ തൂങ്ങി നില്ക്കുന്ന നൂലുകള് എന്നെ എന്തോ ഒരു ബുദ്ധി തോന്നിപ്പിച്ചു. നൂലില് ഉടക്കി എന്നുപറയുന്നതാവും ശരി. ആ നൂലുകള് കത്തുന്നത് കാണാന് നല്ല രസമായിരിക്കും. ഒരു പരമാനന്ദം. ഞാന് താമസിച്ചില്ല. കുനിഞ്ഞിരുന്ന് ഏറ്റവും താഴോട്ട് തൂങ്ങിയിരിക്കുന്ന ഒരു നൂലിന്റെ അറ്റത്ത് വിളക്കിന്റെ തീനാളം കാണിച്ചു. തീ നൂലില് പിടിച്ച് വളഞ്ഞു തിരിഞ്ഞു മുകളിലിക്ക് കയറുന്നതു കാണാന് ഒരു വല്ലാത്ത രസം. മുകളില് തുണിയിലേക്ക് പിടിക്കുന്നതിനു മുന്പു തന്നെ തീയണച്ചു. അങ്ങനെ രണ്ടുമൂന്നു നൂലുകള് കത്തിച്ചു ഞാന് എന്റെ ആശ തീര്ത്തു. ഒരു വല്ലാത്ത് പരമാനന്ദം. നൂലുകളില് പിടിച്ച തീയണച്ചു എന്ന വിശ്വാസത്തോടെ ഞാന് അവിടെ നിന്നും ഇറങ്ങി ചെരുപ്പ് തെരഞ്ഞു അടുത്ത റൂമിലേക്ക് പോയി. പിന്നെ സംഭവിച്ചതൊന്നും നാലു വയസ്സും മാത്രം പ്രായമുള്ള എന്റെ ഓര്മ്മയിലില്ല.

----------------------------------------------------
പിന്നീട് മറ്റുള്ളവര് പറഞ്ഞാണ് (ഞാന് സംവിധാനം ചെയ്ത) സംഭവകഥയുടെ രണ്ടാം ഭാഗം ഞാന് അറിയുന്നത്. ആദ്യ ഭാഗം ഞാന് പറഞ്ഞതുകൊണ്ടു മാത്രമാണ് മറ്റുള്ളവരും അറിഞ്ഞത്. നോക്കണേ.. എന്റെ ഒരു സത്യസന്ധത..
------------------------------------------------------

തൊട്ടില് തുണിയുടെ നൂലുകളിലേതോ ഒന്നില് പിടിച്ച തീയണഞ്ഞിട്ടില്ല. തീ മേലോട്ട് കയറി തുണിക്കു പിടിച്ചു കയറിലൂടെ അതിനും മേലോട്ടേക്ക് പടര്ന്നു. മേലെ അട്ടമായിരുന്നു. അവിടെ കുറേയേറെ സാധനങ്ങള് (മരപ്പലകകള്, ഓല-കൈതോലപ്പായകള്, ഓലക്കൊടി, പഴയ തുണികള്, പുരാവസ്തുക്കുള്, പഴയ പുസ്തകങ്ങള് തുടങ്ങിയവ) സംവിധാനിച്ച് അടുക്കിവെച്ചിരിക്കുകായിരുന്നു. തീപടരുന്നത് ആദ്യം കണ്ടത് വല്ല്യുമ്മയായിരുന്നു. തീ കത്തിക്കയറുന്നത് കണ്ട വല്ല്യമ്മാക്ക് സംസാരശേഷി തന്നെ ഇല്ലാതായി. വല്ല്യുമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും തീ പടരുന്നത് തടയാന് കഴിഞ്ഞില്ല. പിന്നെയെങ്ങിനെയോ പുറത്തുള്ള ഉമ്മ അറിഞ്ഞു തീപടര്ന്നുപിടിക്കുന്നത്. ഉമ്മാക്കും നാവു പൊങ്ങുന്നില്ല. അപ്പോഴേക്കും രണ്ടും ജ്യേഷ്ഠന്മാരും കളികഴിഞ്ഞു എത്തിയിരുന്നു. അവര്ക്കും കാര്യമായിട്ട് ഒന്നും ചെയ്യാന് കഴിഞ്ഞിരുന്നില്ല; തീ ത്തിപ്പടരുന്നത് നോക്കിനില്ക്കാനല്ലാതെ. അപ്പോഴാണ് ഒരു നിയോഗം എന്ന പോലെ, അടുത്ത വീട്ടിലെ ഒരു സ്ത്രീ മണ്ണെണ്ണ കടം വേടിക്കാന് വന്നത്. ഭാഗ്യമെന്നു പറയട്ടെ തീകത്തിപ്പടരുന്നതു കണ്ടിട്ടും അവരുടെ നാവിന് ഒന്നും പറ്റിയില്ല. അവര് 3500 വട്സ് ഉച്ചത്തില് അലറി: “....പീടിയേക്കാരേ.....യ്........... മണ്ടിവരിയോ...............യ്..... ബടെ.. തീപിടിച്ചിക്കണോ..............യ്....... മണ്ടിവരിയോ...............യ്..... അവര് രണ്ടുമൂന്നു പ്രാവശ്യം ഉച്ചത്തില് അലമുറയിട്ടു. തക്കസമയത്തുള്ള അവരുടെ ഇടപെടല്കൊണ്ടാണ് ഞങ്ങളുടെ (വല്ല്യുപ്പയും വല്ല്യമ്മയും മൂന്നു മക്കളും മരുമക്കളും പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ) വീട് മുഴുവന് കത്താതെ ബാക്കിയായത്.

ഒരു വിളിപാടകലെ ഒരു പീടികയുണ്ടായിരുന്നു. അവിടെ കാര്ന്നോര്മാര് ഇശാ-മഗ്രിബിനിടയിലെ (സന്ധ്യാസമയത്തെ) ബഡായി പറയാന് ഒത്തുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാവരും ഒടിക്കൂടി തീയണച്ചു. കിണറ്റില്നിന്നും വെള്ളം കോരിയാണ് തീയണച്ചത്. നടുവിലെ മുറിക്കു മുകളിലെ അട്ടം പരിപൂര്ണ്ണമായിട്ടും തൊട്ടില്തുണിയോടൊപ്പം ചാരമായി. ഭാഗ്യം കൊണ്ടാണ് മേല്ക്കൂരക്ക് തീപിടിക്കാത്തത്. അട്ടത്തിനും മേല്ക്കുരക്കും ഇടയില് വലിയ വിടവുണ്ടായിരുന്നില്ല. നടുവിലെ മുറിയലും അതിനു വശങ്ങളിലുമായുള്ള മുറികളിലും ഇടനാഴിയിലും വെള്ളം കെട്ടിനിന്നു ചെളിക്കുളമായി. വീടിന്റെ തായേറ (സിറ്റൌട്ട്) ഒഴികെ ബാക്കിയുള്ള മുറികളും അടുക്കളയും സിമന്റോ കുമ്മായവോ ഇട്ടു മിനുക്കിയിട്ടില്ലായിരുന്നു. അന്നു രാത്രി ആര്ക്കും ശരിക്കുറങ്ങാന് കഴിഞ്ഞിരുന്നില്ല. വെള്ളം കെട്ടി നിന്നിരുന്ന അകം ചാക്കുകൊണ്ടും മറ്റും തുടച്ചു മാറ്റിയെങ്കിലും നനവും ചെളിയും മുഴുവനായിട്ടും പോകാന് രണ്ടു ദിവസമെടുത്തു.

ഇതേപ്പറ്റി ആരും എന്നോട് ദേഷ്യപ്പെട്ടില്ല, ചീത്തപറഞ്ഞില്ല, ശകാരിച്ചില്ല, എന്നെ വെറുത്തില്ല. പ്രത്യേകിച്ച് എന്റെ വല്ല്യുപ്പ. അദ്ദേഹം നേരെ ഒന്നു നോക്കിയാല് ആരുടെയും മുട്ടുകാല് വിറക്കും അത്രയും ശക്തനായിരുന്നു ഞങ്ങളുടെ വല്ല്യുപ്പ. അത്രയ്ക്കും പേടിയായിരുന്നു അദ്ദേഹത്തെ നാട്ടുകാര്ക്ക്. 2006ല് ഞങ്ങളെ വിട്ടുപിരിഞ്ഞു.

മറ്റൊരു ഭാഗ്യം; ഞാന് തൊട്ടിലിന് തീ കൊളുത്തുന്നതിനു തൊട്ടു മുന്പുവരെ (ഒരു വയസ് പ്രായമുള്ള) അനിയത്തി അതില് കിടന്നുറങ്ങുകയായിരുന്നു. അവള് ഉറക്കമുണര്ന്നു കരഞ്ഞതുകൊണ്ടാണ് ഉമ്മ അവള്ക്ക് പാലു കൊടുക്കാന് വേണ്ടി എടുത്തു കൊണ്ടുപോയത്. അവളുടെ കരച്ചില് ഒരു നിമിത്തമായിരുന്നോ അതോ ദുരന്തം മുന്കൂട്ടി പടച്ചവന് അറിയിച്ചതാണോ അവളെ. അവളിന്ന് കല്യാണ് കഴിഞ്ഞ് മൂന്നു കുട്ടികളുടെ സ്നേഹനിധിയായ ഉമ്മയാണ്.

................എല്ലാം ദൈവാനുഗ്രഹം................

....ശുഭം.....
ആ പഴയ വീട്. ഇന്ന് ആള് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. വീടിന്റെ മുന്ഭാഗത്തുനിന്നുള്ള കാഴ്ച. തായേറയും അടുക്കളയും ഉളപ്പെടുന്ന ഒരു നല്ല ഒരു ഭാഗം പൊളിച്ചുമാറ്റപ്പെട്ടിരിക്കുന്നു. തള്ളപ്പെര അതുപോലെ തന്നെ ഉണ്ട്. സൈഡിലുള്ള ജനാലകളില് നടുവിലെത്തേത് തീ പടര്ന്ന മുറിയുടെ ജനാലയാണ്.
ഫോട്ടോ കടപ്പാട്: സുല്ഫീക്കര് ബാബു (ഫൈസ് ബുക്കില്നിന്നും അടുച്ചുമാറ്റിയതാണ്.



Powered by Blogger.