അനുഭവം.... വീടിനു തീയിട്ടു....

വര്ഷം 1984. ഒരു വേനലിലെ സന്ധ്യസമയം. മാസവും ദിവസവും ഓര്ക്കാന് കഴിയുന്നില്ല. കാരണം. അന്ന് എനിക്ക് 4 വയസ്സ് മാത്രമേ ഉള്ളൂ. എട്ടും പൊട്ടും തിരിയാത്ത പ്രായം എന്നൊക്കെ പറയാവുന്ന കാലം. (എനിക്ക് തീരെ തിരിയാത്താ പ്രായം എന്നാണെന്ന് ഇതു വായിച്ചു കഴിയുന്പോള് നിങ്ങള്ക്ക് മനസ്സിലാവും)


പുറത്തെവിടെയോ കളിച്ചുകൊണ്ടിരിക്കുന്ന എന്നെ വിളിച്ച് ഉമ്മ ചീറുന്നുണ്ടായിരുന്നു. മേല് കഴുകി അകത്തു കയറാന്. ആക്രോശം സഹികെട്ടപ്പോള് ഞാന് മേല് കഴുകാന് തന്നെ തീരുമാനിച്ചു. ഇരുട്ടി തുടങ്ങിയിരിക്കുന്നു. വൈദ്യുതിയില്ലാത്ത കാലം. അടുക്കളയില് പോയി മണ്ണെണ്ണ വിളക്കു കത്തിച്ചുപിടിച്ച് അകത്തെവിടെയോ കിടക്കുന്ന ചെരുപ്പ് തെരഞ്ഞു ഓരോ റൂമിലെയും മുക്കും മൂലയും കട്ടിലിനു താഴെയും ഒക്കെ പരതുകയാണ്. അങ്ങിനെ തെരഞ്ഞു ഞാന് നടുവിലെമുറി (കുണ്ടുംമുറി-പത്തായം ഇട്ട, ഇരുട്ടുള്ള ഒരു മുറി, വീടിന്റെ ഒത്ത നടുവിലായിരുന്നു ആ മുറി) യില് ഞാന് എത്തുന്നത്. പത്തായത്തിനു താഴെയും തെരഞ്ഞു. പക്ഷെ, എന്റെ ചെരുപ്പ് മാത്രം കണ്ടില്ല.

അവിടെനിന്നും വിളക്കുമായി തിരിക്കുന്ന നേരത്താണ് ഞാനത് കണ്ടത്. അനിയത്തിയെ ആട്ടിയുറക്കാനായി ഉമ്മ കെട്ടിയ ഒരു തൊട്ടില്. നൂലുകള് താഴേക്ക് തൂങ്ങിനില്ക്കുന്നുണ്ടായിരുന്നു ആ കട്ടിയില്ലാത്ത തൊട്ടില് തുണിക്ക്. മുന്നോട്ടു നീങ്ങിയ ഞാന് പെട്ടെന്ന് തന്നെ പിറകോട്ട് വന്നു. തൊട്ടില് തുണിയിലെ തൂങ്ങി നില്ക്കുന്ന നൂലുകള് എന്നെ എന്തോ ഒരു ബുദ്ധി തോന്നിപ്പിച്ചു. നൂലില് ഉടക്കി എന്നുപറയുന്നതാവും ശരി. ആ നൂലുകള് കത്തുന്നത് കാണാന് നല്ല രസമായിരിക്കും. ഒരു പരമാനന്ദം. ഞാന് താമസിച്ചില്ല. കുനിഞ്ഞിരുന്ന് ഏറ്റവും താഴോട്ട് തൂങ്ങിയിരിക്കുന്ന ഒരു നൂലിന്റെ അറ്റത്ത് വിളക്കിന്റെ തീനാളം കാണിച്ചു. തീ നൂലില് പിടിച്ച് വളഞ്ഞു തിരിഞ്ഞു മുകളിലിക്ക് കയറുന്നതു കാണാന് ഒരു വല്ലാത്ത രസം. മുകളില് തുണിയിലേക്ക് പിടിക്കുന്നതിനു മുന്പു തന്നെ തീയണച്ചു. അങ്ങനെ രണ്ടുമൂന്നു നൂലുകള് കത്തിച്ചു ഞാന് എന്റെ ആശ തീര്ത്തു. ഒരു വല്ലാത്ത് പരമാനന്ദം. നൂലുകളില് പിടിച്ച തീയണച്ചു എന്ന വിശ്വാസത്തോടെ ഞാന് അവിടെ നിന്നും ഇറങ്ങി ചെരുപ്പ് തെരഞ്ഞു അടുത്ത റൂമിലേക്ക് പോയി. പിന്നെ സംഭവിച്ചതൊന്നും നാലു വയസ്സും മാത്രം പ്രായമുള്ള എന്റെ ഓര്മ്മയിലില്ല.

----------------------------------------------------
പിന്നീട് മറ്റുള്ളവര് പറഞ്ഞാണ് (ഞാന് സംവിധാനം ചെയ്ത) സംഭവകഥയുടെ രണ്ടാം ഭാഗം ഞാന് അറിയുന്നത്. ആദ്യ ഭാഗം ഞാന് പറഞ്ഞതുകൊണ്ടു മാത്രമാണ് മറ്റുള്ളവരും അറിഞ്ഞത്. നോക്കണേ.. എന്റെ ഒരു സത്യസന്ധത..
------------------------------------------------------

തൊട്ടില് തുണിയുടെ നൂലുകളിലേതോ ഒന്നില് പിടിച്ച തീയണഞ്ഞിട്ടില്ല. തീ മേലോട്ട് കയറി തുണിക്കു പിടിച്ചു കയറിലൂടെ അതിനും മേലോട്ടേക്ക് പടര്ന്നു. മേലെ അട്ടമായിരുന്നു. അവിടെ കുറേയേറെ സാധനങ്ങള് (മരപ്പലകകള്, ഓല-കൈതോലപ്പായകള്, ഓലക്കൊടി, പഴയ തുണികള്, പുരാവസ്തുക്കുള്, പഴയ പുസ്തകങ്ങള് തുടങ്ങിയവ) സംവിധാനിച്ച് അടുക്കിവെച്ചിരിക്കുകായിരുന്നു. തീപടരുന്നത് ആദ്യം കണ്ടത് വല്ല്യുമ്മയായിരുന്നു. തീ കത്തിക്കയറുന്നത് കണ്ട വല്ല്യമ്മാക്ക് സംസാരശേഷി തന്നെ ഇല്ലാതായി. വല്ല്യുമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും തീ പടരുന്നത് തടയാന് കഴിഞ്ഞില്ല. പിന്നെയെങ്ങിനെയോ പുറത്തുള്ള ഉമ്മ അറിഞ്ഞു തീപടര്ന്നുപിടിക്കുന്നത്. ഉമ്മാക്കും നാവു പൊങ്ങുന്നില്ല. അപ്പോഴേക്കും രണ്ടും ജ്യേഷ്ഠന്മാരും കളികഴിഞ്ഞു എത്തിയിരുന്നു. അവര്ക്കും കാര്യമായിട്ട് ഒന്നും ചെയ്യാന് കഴിഞ്ഞിരുന്നില്ല; തീ ത്തിപ്പടരുന്നത് നോക്കിനില്ക്കാനല്ലാതെ. അപ്പോഴാണ് ഒരു നിയോഗം എന്ന പോലെ, അടുത്ത വീട്ടിലെ ഒരു സ്ത്രീ മണ്ണെണ്ണ കടം വേടിക്കാന് വന്നത്. ഭാഗ്യമെന്നു പറയട്ടെ തീകത്തിപ്പടരുന്നതു കണ്ടിട്ടും അവരുടെ നാവിന് ഒന്നും പറ്റിയില്ല. അവര് 3500 വട്സ് ഉച്ചത്തില് അലറി: “....പീടിയേക്കാരേ.....യ്........... മണ്ടിവരിയോ...............യ്..... ബടെ.. തീപിടിച്ചിക്കണോ..............യ്....... മണ്ടിവരിയോ...............യ്..... അവര് രണ്ടുമൂന്നു പ്രാവശ്യം ഉച്ചത്തില് അലമുറയിട്ടു. തക്കസമയത്തുള്ള അവരുടെ ഇടപെടല്കൊണ്ടാണ് ഞങ്ങളുടെ (വല്ല്യുപ്പയും വല്ല്യമ്മയും മൂന്നു മക്കളും മരുമക്കളും പേരമക്കളും അടങ്ങുന്ന കുടുംബത്തിന്റെ) വീട് മുഴുവന് കത്താതെ ബാക്കിയായത്.

ഒരു വിളിപാടകലെ ഒരു പീടികയുണ്ടായിരുന്നു. അവിടെ കാര്ന്നോര്മാര് ഇശാ-മഗ്രിബിനിടയിലെ (സന്ധ്യാസമയത്തെ) ബഡായി പറയാന് ഒത്തുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാവരും ഒടിക്കൂടി തീയണച്ചു. കിണറ്റില്നിന്നും വെള്ളം കോരിയാണ് തീയണച്ചത്. നടുവിലെ മുറിക്കു മുകളിലെ അട്ടം പരിപൂര്ണ്ണമായിട്ടും തൊട്ടില്തുണിയോടൊപ്പം ചാരമായി. ഭാഗ്യം കൊണ്ടാണ് മേല്ക്കൂരക്ക് തീപിടിക്കാത്തത്. അട്ടത്തിനും മേല്ക്കുരക്കും ഇടയില് വലിയ വിടവുണ്ടായിരുന്നില്ല. നടുവിലെ മുറിയലും അതിനു വശങ്ങളിലുമായുള്ള മുറികളിലും ഇടനാഴിയിലും വെള്ളം കെട്ടിനിന്നു ചെളിക്കുളമായി. വീടിന്റെ തായേറ (സിറ്റൌട്ട്) ഒഴികെ ബാക്കിയുള്ള മുറികളും അടുക്കളയും സിമന്റോ കുമ്മായവോ ഇട്ടു മിനുക്കിയിട്ടില്ലായിരുന്നു. അന്നു രാത്രി ആര്ക്കും ശരിക്കുറങ്ങാന് കഴിഞ്ഞിരുന്നില്ല. വെള്ളം കെട്ടി നിന്നിരുന്ന അകം ചാക്കുകൊണ്ടും മറ്റും തുടച്ചു മാറ്റിയെങ്കിലും നനവും ചെളിയും മുഴുവനായിട്ടും പോകാന് രണ്ടു ദിവസമെടുത്തു.

ഇതേപ്പറ്റി ആരും എന്നോട് ദേഷ്യപ്പെട്ടില്ല, ചീത്തപറഞ്ഞില്ല, ശകാരിച്ചില്ല, എന്നെ വെറുത്തില്ല. പ്രത്യേകിച്ച് എന്റെ വല്ല്യുപ്പ. അദ്ദേഹം നേരെ ഒന്നു നോക്കിയാല് ആരുടെയും മുട്ടുകാല് വിറക്കും അത്രയും ശക്തനായിരുന്നു ഞങ്ങളുടെ വല്ല്യുപ്പ. അത്രയ്ക്കും പേടിയായിരുന്നു അദ്ദേഹത്തെ നാട്ടുകാര്ക്ക്. 2006ല് ഞങ്ങളെ വിട്ടുപിരിഞ്ഞു.

മറ്റൊരു ഭാഗ്യം; ഞാന് തൊട്ടിലിന് തീ കൊളുത്തുന്നതിനു തൊട്ടു മുന്പുവരെ (ഒരു വയസ് പ്രായമുള്ള) അനിയത്തി അതില് കിടന്നുറങ്ങുകയായിരുന്നു. അവള് ഉറക്കമുണര്ന്നു കരഞ്ഞതുകൊണ്ടാണ് ഉമ്മ അവള്ക്ക് പാലു കൊടുക്കാന് വേണ്ടി എടുത്തു കൊണ്ടുപോയത്. അവളുടെ കരച്ചില് ഒരു നിമിത്തമായിരുന്നോ അതോ ദുരന്തം മുന്കൂട്ടി പടച്ചവന് അറിയിച്ചതാണോ അവളെ. അവളിന്ന് കല്യാണ് കഴിഞ്ഞ് മൂന്നു കുട്ടികളുടെ സ്നേഹനിധിയായ ഉമ്മയാണ്.

................എല്ലാം ദൈവാനുഗ്രഹം................

....ശുഭം.....
ആ പഴയ വീട്. ഇന്ന് ആള് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. വീടിന്റെ മുന്ഭാഗത്തുനിന്നുള്ള കാഴ്ച. തായേറയും അടുക്കളയും ഉളപ്പെടുന്ന ഒരു നല്ല ഒരു ഭാഗം പൊളിച്ചുമാറ്റപ്പെട്ടിരിക്കുന്നു. തള്ളപ്പെര അതുപോലെ തന്നെ ഉണ്ട്. സൈഡിലുള്ള ജനാലകളില് നടുവിലെത്തേത് തീ പടര്ന്ന മുറിയുടെ ജനാലയാണ്.
ഫോട്ടോ കടപ്പാട്: സുല്ഫീക്കര് ബാബു (ഫൈസ് ബുക്കില്നിന്നും അടുച്ചുമാറ്റിയതാണ്.



2 Responses to അനുഭവം.... വീടിനു തീയിട്ടു....

  1. Riyas says:

    VALARE NALLA ANUBAVAM

  2. ഓരോ അനുഭവങ്ങളും വായിക്കാന്‍ വളരെ കൌതുകം ഉണ്ട്. ഇന്നാണ് ഇവിടെ എത്തുന്നത്. വിശദമായ അഭിപ്രായം രണ്ടാം വായനക്ക് ശേഷം .. ആശംസകള്‍..

Powered by Blogger.