വ്യത്യസ്തമായ ഒരു അബദ്ധം

അബദ്ധങ്ങള് പറ്റാത്തവരായിട്ട് ഭൂമിലോകത്ത് ആരും ഉണ്ടാവുകയില്ല.  അധികമാളുകളും തങ്ങള്ക്ക് പറ്റിയ അബദ്ധത്തെ മൂടിവെക്കാറാണ് പതിവ്.  ഇന്ന് ബ്ലോഗുകളിലൂടെയും സോഷ്യല് നെറ്റ് വര്ക്ക് സൈറ്റുകളിലൂടെയും ചില ആളുകള് തങ്ങളുടെ അബദ്ധങ്ങള് പങ്കുവെക്കാറുണ്ട്. ഇവിടെ എനിക്കു പറ്റിയ "വ്യത്യസ്തമായ ഒരു അബദ്ധം" നിങ്ങളുമായി പങ്കുവെക്കുന്നു.  സാമാന്യം നിലവാരമുള്ള അബദ്ധം എന്നാണ് എന്റെ വിശ്വാസം.

-----------------------

വര്ഷം 2009. പ്രവാസിയായി എത്തിയിട്ട് എന്റെ രണ്ടാമത്തെ വെക്കേഷന്. വയസ്സ് 29ല് എത്തി. മംഗല്യം അതുവരെ ആയിട്ടില്ല. ആദ്യ വെക്കേഷനില് കാര്യമായിട്ട് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ ശ്രമങ്ങളിലെ പോരായ്മകള് മനസ്സിലാക്കി കൂടുതല് ആത്മവിശ്വാസത്തോടെ ഒരുങ്ങിയുള്ള യാത്ര.

പര്ച്ചൈസിംഗ് എല്ലാം കഴിഞ്ഞ് പെട്ടിയും കെട്ടി ഇരിക്കുന്പോഴാണ് ഒരു ഫോണ് കോള്. ദുബൈയിലെ ഹെഡ്ഓഫിസില്നിന്ന് പിആര്ഓ ആണ് വിളിക്കുന്നത്. എന്റെ പാസ്പോര്ട്ട് സമയത്തിനു മുന്പ് അബുദാബിയില് നില്ക്കുന്ന എന്റെ അടുത്ത് എത്തിക്കാന് സാധിക്കില്ല. അതുകൊണ്ട് ടിക്കറ്റ് അടുത്ത ദിവസത്തേക്ക് നീട്ടിവെക്കാനുള്ള ഉത്തരവ്. കന്പനിയുടെ എച്ച് ആര് മാനേജര് സ്ഥലത്തില്ല. പാസ്പോര്ട്ട് ലോക്കറില് വെച്ച് പൂട്ടിയിരിക്കുകയാണ്. മാനേജറുടെ വിരലടയാളം ഉണ്ടെങ്കിലേ അതു തുറക്കാന് പറ്റൂ. ദേഷ്യവും സങ്കടവും നിരാശയും ഒരുമിച്ചുവന്ന അവസ്ഥ. കാറ്റുപോയ ബലൂണ് പോലെയായി എന്ന് പറഞ്ഞാല്മതി, അങ്ങിനെയായിരുന്നു അവസ്ഥ.

അല്ലെങ്കിലും എന്റെ കാര്യത്തില് ഹെഡ്ഓഫിസില്നിന്ന് ഇങ്ങിനെയൊക്കെതന്നെ ഉണ്ടാകൂ എന്ന് അനുഭവമുള്ള കാര്യമാണ്. ആദ്യത്തെ വെക്കേഷനും ഇതുപോലെ ഒരുങ്ങിയിരുന്നപ്പോഴാണ് എന്റെ അതേ പേരുള്ള കന്പനിയിലെ വേറെ ഒരാളുടെ പോസ്പോര്ട്ട് എനിക്കു അയച്ചുതരുന്നത്. അന്നു കുറച്ചു നേരത്തെ തന്നെ സംഗതി അറിഞ്ഞതുകൊണ്ട് ഉടനെ ദുബായില് പോയി പാസ്പോര്ട്ട് കൈയ്യോടെ വാങ്ങി പോന്നു. അതിനും മുന്പ് ഒരിക്കില് മെഡിക്കല് ഇന്ഷൂറന്സ് കാര്ഡിന്റെ കാര്യത്തിലും ഇതുപോലെ സംഭവിച്ചു. എനിക്കു കിട്ടിയ കാര്ഡില് ഫോട്ടോ മാത്രമേ എന്റേതായിട്ടുള്ളൂ. ബാക്കിയെല്ലാം എന്റെ അപരന്റെ വിവരങ്ങള്. ഒരിക്കല് ആ കാര്ഡുമായി ആശുപത്രിയില് ചെന്നു. രെജിസ്ട്രേഷന് കൌണ്ടറില് ഇരിക്കുന്ന ചേച്ചി എന്റെ കാര്ഡ് വാങ്ങി വിവരങ്ങളെല്ലാം കംപ്യൂട്ടിറില് പകര്ത്തുകയാണ്. അപ്പോഴാണ് വയസ് എത്ര എന്ന ചോദ്യം. വയസോ.... എന്റെ യഥാര്ത്ഥ വയസ് പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കാര്ഡില് അപരന്റെ ജനനതീയതിയുണ്ടല്ലോ. ഞാനത് ഓര്ത്തുവെച്ചില്ലായിരുന്നു. കുഴഞ്ഞല്ലോ. ഞാന് എന്റെ അപരനെ മനസ്സില് കണ്ട് പ്രവചിച്ചു. 27 വയസ്സ്. വയസ്സ് ശരിയോ തെറ്റോ എന്നൊന്നും അവര് നോക്കിയില്ല. ഇത്രയൊക്കെ കെടുകാര്യസ്ഥത എന്റെ കാര്യത്തില് കംന്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അങ്ങിനെ കുറേ തോല് വികള് ഏറ്റുവാങ്ങി ഞാന് ഒരു വര്ഷത്തിനുശേഷം ഈ കന്പനി വിടുകയായിരുന്നു. പണ്ട് നമ്മുടെ കിട്ടുണ്ണിയേട്ടന് ജഡ്ജി ഏമാനെ മത്തങ്ങത്തലയാ... എന്നു വിളിച്ച പോലെ ഞാനും (മനസ്സില്) വിളിച്ചു ജിഎമ്മിനെ, കുന്പളങ്ങാമോറാ.... ഉസുറുണ്ടെങ്കീ.... ഇബ്ട ബാടാ.....

ടിക്കറ്റ് പിറ്റേ ദിവസത്തേക്ക് നീട്ടി. പോസ്പോര്ട്ട് നേരത്തെ തന്നെ കയ്യില്കിട്ടുകയും ചെയ്തു. രാത്രി 11.30(???)നാണ് ഫ്ലൈറ്റ്. ഉച്ചക്ക് രണ്ടു മണിക്കു തന്നെ ലഗ്വേജ് അബുദാബിയിലുള്ള സിറ്റി ടെര്മിനലില് കൊടുത്തു ബോഡിംഗ് പാസും വാങ്ങി. ഹാവൂ.... എല്ലാം കഴിഞ്ഞു. ഇനി ഒരു മണിക്കൂര് മാത്രം(???) നേരത്തെ എയര്പോര്ട്ടില് എത്തിയാല് മതി. ക്യൂനിന്നു മുഷിയേണ്ട. നേരെ എമിഗ്രേഷനിലേക്ക് കൈയും വീശി കയറാം. മൊത്തത്തില് ഒരു ആത്മവിശ്വാസം(??!!)..

അങ്ങനെ രാത്രി 9.45ന് എയര്പോര്ട്ടിലേക്ക് യാത്ര തിരിച്ചു. സുഹൃത്തുക്കള് ആസാദ്, ജയന് എന്നിവരോടൊപ്പം. അര മണിക്കൂര് മതി എയര്പോര്ട്ടില് എത്താന്. വല്ലതും കഴിക്കാം എന്നു കരുതി വഴിയില് ഒരു പെട്രോള് പന്പിലെ ഷോപ്പില് കയറി. അപ്പോഴാണ് എന്റെ മൊബൈല് ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത നന്പര്. സുഹൃത്തുക്കള് ആരെങ്കിലും യാത്രാശംസകള് നല്കാന് വിളിച്ചതായിരിക്കുമെന്ന് കരുതി ഫോണ് എടുത്തു. Mr. Haneefa, this is from Etihad Airways. Where are you now? You did not reach in check-in counter yet. The Flight will take off within minutes. Please come fast. Please.,, എന്ത് ഞാന് എത്താതെ ഫ്ലൈറ്റ് പുറപ്പെടുകയോ… കുറച്ചല്പം ദേഷ്യത്തോടെ തന്നെ ഞാന് പ്രതികരിച്ചു. I am on the way to the Airport. Why you make hurry. The Flight will take off after One hour. അപ്പോള് മറുപടി: Sorry Mr. Haneefa. We don’t have time to argue with you. Please come fast. Immediately.. ഫോണ് കട്ട് ആയി.  അവിടെനിന്നും ഇറങ്ങി എയര്പോര്ട്ടിലേക്ക് കത്തിച്ചുവിട്ടു. വീണ്ടും ഫോണ് വന്നു. പറഞ്ഞ കാര്യങ്ങള് തന്നെ വീണ്ടും പറഞ്ഞു. പക്ഷെ ഹിന്ദിയിലാണെന്ന് മാത്രം. കാര് കുതിക്കുകയായിരുന്നു, വാഹനത്തിന്റെ വേഗം നോക്കുന്ന ക്യാമറക്കുപോലും ഞങ്ങളെ പിടിക്കാന് കഴിഞ്ഞില്ല, അത്രയും വേഗത്തില്. എയര്പോര്ട്ടിലെത്തിയപ്പോള് വീണ്ടും ഫോണ് വിളി വന്നു. ഇപ്രാവശ്യം വളരെ സാവധാനത്തിലാണ് പറയുന്നത്. നിങ്ങളുടെ ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തിരിക്കുന്നു. നിങ്ങള് സമയത്ത് എത്താത്തതിനാലാണ് ഫ്ലൈറ്റ് മിസ് ആയത്. ലഗ്വേജ് അറൈവല് ഭാഗത്തുപോയി കളക്റ്റുചെയ്യുക. ദയവ് ചെയ്ത് എമിഗ്രേഷനിലേക്ക് പോവരുത്. എന്റെ ദേഷ്യവും സങ്കടവും ഇരട്ടിയായി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴേക്കും അങ്ങേതലക്കല് ഫോണ് കട്ട് ആയി.



എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്പോഴാണ് അടുത്ത ഫോണ് കാള്. ഇപ്രാവശ്യം ഒരു മലയാളിയാണ് സംസാരിക്കുന്നത്. സംസാരം കേട്ടാല് തന്നെ അറിയാം തിരുവനന്തപുരക്കാരനാണെന്ന്. കുറച്ച് ദേഷ്യത്തേോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. ദയവ് ചെയ്ത് എമിഗ്രേഷനില് കയറരുതെന്നും അവിടെ കയറിയാല് മൂന്നര മണിക്കൂര് അവിടെ ഇരിക്കേണ്ടിവരുമെന്നും ലഗ്വേജ് അറൈവലില് പോയി കളക്ട് ചെയ്ത് തിരിച്ചു വീട്ടില് പോകാനുമായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞ. ഞാന് എന്റെ എല്ലാം ശക്തിയുമുപയോഗിച്ച് തിരിച്ചടിച്ചു. ടിക്കറ്റെടുത്ത് സമയത്ത് എയര്പോര്ട്ടിലെത്തിയിട്ട് ഫ്ലൈറ്റ് പോയെന്നു പറയുന്നത് എവിടുത്തെ ന്യായമാണ്... ബോഡിംഗ് പാസ് വരെ എനിക്കു കിട്ടിയിട്ടുണ്ട്. ലഗ്വേജ് സിറ്റിടെര്മിനലില് കൊടുത്തു ഫ്ലൈറ്റ് പുറപ്പെടുന്നതിന്റെ ഒരു മണിക്കൂര് മാത്രം മുന്പെ എത്തിയാല് മതിയെന്നു പറഞ്ഞിട്ട് ആളെ പറ്റിക്കുകയാണോ എന്നും ഞാന് കുറച്ചു ശബ്ദത്തോടെയും സങ്കടത്തോടെയും പറഞ്ഞു. താങ്കള് പത്തരക്ക് എയര്പോര്ട്ടില് റിപ്പോര്ട്ട് ചെയ്തിട്ടില്ല, ഫ്ലൈറ്റ് അതിന്റെ സമയത്തു തന്നെ പുറപ്പെടും, ആര്ക്കുവേണ്ടിയും കാത്തുനില്ക്കില്ല. നിങ്ങള് കയ്യിലുള്ള ടിക്കറ്റു നോക്കൂ. സമയം അതില് കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാന് (ആദ്യമായി) ടിക്കറ്റില് കൊടുത്തിരിക്കുന്ന സമയം നോക്കുന്നത്. ഫ്ലൈറ്റ് പുറപ്പെടുന്ന സമയം 22.30, അതായത് രാത്രി പത്തര. കണ്ണ് ഒന്നുകൂടി ഉരുട്ടി നോക്കി. അതെ 22.30PM. അമിളി മനസ്സിലായി. എങ്കിലും ഞാന് സംശയം തീര്ക്കാന് വേണ്ടി മാത്രം ചോദിച്ചു... 22.30 എന്നാല് പതിനൊന്നര അല്ലേ......

മറുപടി കുറച്ച് ദേഷ്യത്തോടെ ആണെന്ന് മനസ്സിലാക്കിയ ഞാന് ഫോണ് എന്റെ അടുത്തുണ്ടായിരുന്ന സുഹൃത്ത് ആസാദിന് കൈമാറി. അദ്ദേഹം എന്നോടു പറയാനുള്ളതു മുഴുവന് സുഹൃത്തിനോടു പറഞ്ഞു. കുറച്ചു തിരുവനന്തപുരം മസാലയും ചേര്ത്തിട്ടുണ്ടെന്ന് അവന്റെ മുഖത്തുനിന്നു എനിക്കു മനസ്സിലായി. അതായത് എനിക്കു കിട്ടാനുള്ള തെറി മുഴുവന് പാവം ഒന്നും അറിയാത്ത എന്റെ സുഹൃത്ത് കേട്ടു.

ഇവിടെ സംഭവിച്ചിരിക്കുന്ന അബദ്ധം.. ഒരു വര്ഷം മുന്പ് ഞാന് വെക്കേഷനു പോയിരുന്നത് ഇതേ ഫ്ലൈറ്റിനായിരുന്നു. അന്നു സമയം 23.30, അതായത് രാത്രി പതിനൊന്നര. എന്നാല് സംഭവം നടന്ന വര്ഷം ഫ്ലൈറ്റിന്റെ സമയം ഒരു മണിക്കൂര് നേരത്തെ ആക്കിയിരിക്കുന്നു. ഞാന് തന്നെയാണ് ഓണ് ലൈനില് ടിക്കറ്റെടുത്തത്. 22.30 ആയിരുന്നു സമയം (രാത്രി പത്തര മണി) കൊടുത്തിരിക്കുന്നത്. ഞാന് അതു ശ്രദ്ധിക്കാതെ മുന്പത്തെ വര്ഷത്തെ സമയമായിരിക്കുമെന്ന് കരുതി. അതു മാത്രമല്ല, ഒരു പ്രാവശ്യം ഞാന് തന്നെയാണ് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. അപ്പോഴും ടിക്കറ്റിലെ സമയം നോക്കിയില്ല. പിന്നിട് എയര്പോര്ട്ടിലേക്ക് വന്ന ദിവസം ഉച്ചക്ക് ലഗ്വേജ് സിറ്റി ടെര്മിനലില് കൊടുത്തപ്പോള് അവിടുത്തെ കൌണ്ടറിലുള്ള ഫിലിപിനോ സുന്ദരി പറഞ്ഞത് My priend, you have to reach the airport before one hour of take-off the flight. ഞാന് ഡബിള് ഓ.കെ. എന്നു പറഞ്ഞു തിരിച്ചുപോരുകയല്ലാതെ ഏതു സമയം എന്നു ചോദിച്ചില്ല. ലവളും ഏതു സമയമെന്ന് പറഞ്ഞില്ല. അതിനുംപുറമെ ടിക്കറ്റ് രണ്ടാമെതൊരാള്ക്ക് കാണിച്ചു കൊടുക്കാതെ ഞാനത് സൂക്ഷിച്ചുവെച്ചു.


നോക്കണേ അബദ്ധങ്ങളുടെ പെരുമഴ... അബദ്ധങ്ങള് എന്റെ പിന്നാലെയായിരുന്നില്ല.... അബദ്ധങ്ങളുടെ പിന്നാലെ ഞാന് പരക്കംപായുകയായിരുന്നു...

എന്തായാലും എയര്പോര്ട്ടില് വെച്ചുതന്നെ ഞാന് ടിക്കറ്റ് ഒരികല്കൂടി എക്സ്റ്റന്റു ചെയ്ത് തിരിച്ചു പോന്നു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞിട്ടായിരുന്നു ഫ്ലൈറ്റുണ്ടായിരുന്നത്. അവിടെവെച്ചു തന്നെ ടിക്കറ്റും പാസ്പോര്ട്ടും ഞാന് സുഹൃത്ത് ആസാദിന് കൈമാറി. അടുത്ത യാത്രയുടെ എല്ലാവിധ ഉത്തരവാദിത്തങ്ങളും അവന്റെ തലയില് വെച്ചുകെട്ടി ഞാന് അബദ്ധങ്ങളില്നിന്ന് പൂര്ണ്ണ സ്വതന്ത്രനായി.... (പുള്ളിക്കരന് മുന്പ് പാസ്പോര്ട്ടില്ലാതെ -വീട്ടില് മറന്നുവെച്ച്- എയര്പോര്ട്ടില് എത്തിയ ആളാണെന്ന് ഞാന് പിന്നെയാണ് അറിയുന്നത്.)

പിന്നീട് ഇതും ആലോചിച്ച് ഞാന് ചിരിക്കുകയായിരുന്നു.... കാരണം ആര്ക്കും പറ്റാത്ത ഒരു വ്യത്യസ്തമായ അബദ്ധം.

.................................

3 Responses to വ്യത്യസ്തമായ ഒരു അബദ്ധം

  1. Rajesh Chempakasseril says:

    എങ്കിലും ഞാന് സംശയം തീര്ക്കാന് വേണ്ടി മാത്രം ചോദിച്ചു... 22.30 എന്നാല് പതിനൊന്നര അല്ലേ......
    Ha ha.......
    Very Good Haneef.... I know the story... But ur method of writting very nice ... U give me more on my expectations ......

  2. ഒരബദ്ധം ഏതു ഹനീഫാക്കും പറ്റാം

  3. vettathan says:

    അനുഭവം കൊള്ളാം

Powered by Blogger.